കേരള സർവ്വീസ് റൂൾസ് - പെൻഷൻ നിയമങ്ങൾ (പൂർണ്ണരൂപം)
പെൻഷൻ അനുവദിക്കാത്ത സന്ദർഭങ്ങൾ (Cases in which claims are inadmissible)
4. താഴെപ്പറയുന്ന സന്ദർഭങ്ങളിൽ പെൻഷൻ അനുവദിക്കുകയില്ല.
- (a) ഒരു ജീവനക്കാരനെ നിശ്ചിത കാലയളവിലേക്കു മാത്രം നിയമിക്കുമ്പോൾ; അല്ലെങ്കിൽ ഒരു പ്രത്യേക ജോലിക്കു മാത്രമായി നിയമിക്കുകയും ആ ജോലി പൂർത്തിയാകുന്ന മുറയ്ക്ക് ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്യുമ്പോൾ.
- (b) ഒരാളെ മുഴുവൻ സമയ പൊതുസേവനത്തിനു നിയമിക്കാതെ, സർക്കാരിനു വേണ്ടി ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം നൽകുക മാത്രം ചെയ്യുമ്പോൾ.
- (c) കൃത്യമായ സമയമോ ജോലിയോ സൂചിപ്പിക്കാതെ ഒരാളെ പ്രതിമാസ വേതനം നൽകി താല്ക്കാലികമായി ജോലിക്കു നിയോഗിക്കുമ്പോൾ.
- (d) പെൻഷൻ അർഹതയുള്ള മറ്റൊരു ഉദ്യോഗം വഹിക്കുമ്പോൾ.
5 (a). സ്വഭാവദൂഷ്യമോ കഴിവില്ലായ്മയോ.
സ്വഭാവദൂഷ്യം, പാപ്പരാകുക, കഴിവില്ലായ്‌മ (misconduct, insolvency or inefficiency) എന്നീ കാരണങ്ങളാൽ പിരിച്ചുവിടപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ (dismissed or removed) ചെയ്യുന്ന ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുന്നതല്ല. എന്നാൽ, പ്രത്യേക പരിഗണനയിൽ അവർക്ക് അർഹതയുണ്ടാകുന്ന പക്ഷം, അനുകമ്പാപരമായ അലവൻസ് (compassionate allowance) നൽകാം. ഈ അലവൻസ്, നീക്കം ചെയ്യപ്പെട്ട ദിവസം അയാൾ സേവനത്തിൽനിന്നും വിരമിക്കുകയായിരുന്നെങ്കിൽ കിട്ടുമായിരുന്ന പെൻഷന്റെ 2/3 ഭാഗത്തിൽ കൂടുതലാകാൻ പാടില്ല.
(aa) കംപാഷണേറ്റ് അലവൻസു വാങ്ങിക്കൊണ്ടിരിക്കുന്ന ആളുകളുടെ കുടുംബങ്ങൾക്ക് കുടുംബപെൻഷന് (family pension) അർഹതയില്ല. (ഉപചട്ടം (aa) 13.10.2017 ലെ ജി.ഓ (പി) 131/2017/ഫിൻ പ്രകാരം പുതിയതായി ചേർത്തതാണ്. 20.10.2014 മുതലുള്ള പ്രാബല്യത്തോടെ).
സർക്കാർ തീരുമാനം
ജീവനക്കാരനെ പിരിച്ചുവിടാൻ അധികാരം ഉള്ള അധികാരിക്കാണ് കംപാഷണേറ്റ് അലവൻസ് അനുവദിക്കാനും അധികാരം ഉള്ളത്. ഈ അലവൻസ് അനുവദിക്കുന്നതിനുമുമ്പ് അതിനുള്ള അർഹതയെക്കുറിച്ച് ഓഡിറ്റ് ആഫീസറുടെ റിപ്പോർട്ട് ആവശ്യമാണ്. ഈ അലവൻസിന് മുൻകൂർ അനുമതി നൽകാൻ പാടില്ല.
6 (a) ശിക്ഷണ നടപടികളുടെ ഭാഗമായ നിർബന്ധിത പെൻഷൻ.
ശിക്ഷണ നടപടികളുടെ ഫലമായി സേവനത്തിൽനിന്നും നിർബന്ധിതമായി പിരിയേണ്ടിവരുന്ന ഒരു ഉദ്യോഗസ്ഥന്, ഉദ്യോഗത്തിൽനിന്നു പിരിയുന്ന തീയതിയിൽ അനുവദനീയമായ പെൻഷനും ഗ്രാറ്റുയിറ്റിയും നൽകാൻ ശിക്ഷണ നടപടികൾ സ്വീകരിച്ച ഉദ്യോഗസ്ഥന് അധികാരമുണ്ട്. ആവശ്യമെങ്കിൽ, പെൻഷനിലോ, ഗ്രാറ്റുയിറ്റിയിലോ രണ്ടിലും കൂടിയോ കുറവു വരുത്താവുന്നതാണ്.
(b) പെൻഷൻ അനുവദിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥൻ നിർബന്ധിത പെൻഷൻ തീയതിമുതൽ 5 വർഷത്തിനകം മരണപ്പെടുകയാണെങ്കിൽ അയാളുടെ കുടുംബത്തിന് ഈ ഭാഗത്തെ 80-ാം ചട്ടത്തിൽ പറയുന്ന കുടുംബപെൻഷന് അർഹതയുണ്ട്. അനുവദിച്ച പെൻഷന്റെ പകുതിയാണ് കുടുംബപെൻഷനായി ലഭിക്കുക.
7. ഒരേ ഉദ്യോഗത്തിനോ ഒരേ സേവനകാലത്തിനോ ഒന്നിൽ കൂടുതൽ പെൻഷൻ അനുവദിക്കുകയില്ല.
സൈനിക സേവനം.
8 (a) ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിരോധമന്ത്രി കാര്യാലയത്തിനു കീഴിലുള്ള സായുധസേനയിൽ ആറു മാസത്തിൽ കുറയാതെ തുടർച്ചയായി അനുഷ്ഠിച്ചിട്ടുള്ള സേവനം - യുദ്ധരംഗത്തായാലും അല്ലെങ്കിലും - സൈനിക സേവനമായി കണക്കാക്കും. ആസാം റൈഫിൾസ്, ഡിഫൻസ് സെക്യൂരിറ്റി കോർ, ജനറൽ റിസർവ്വ് എൻജിനീയർ ഫോഴ്സ്, ജമ്മു കാശ്മീർ മിലീഷ്യ, ലോക് സഹായക് സേന, ടെറിറ്റോറിയൽ ആർമി എന്നീ പാരാമിലിട്ടറി വിഭാഗങ്ങളിലെ സേവനം ഈ ഇനത്തിൽ ഉൾപ്പെടുകയില്ല.
1.4.2013-നുശേഷം ജോലിയിൽ പ്രവേശിക്കുന്നവർക്കുവേണ്ടിയുള്ള ദേശീയ പെൻഷൻ പദ്ധതി (NPS)
1.4.2013 മുതലുള്ള എല്ലാ നിയമനങ്ങൾക്കും NPS നിർബന്ധിതമാക്കിയിരിക്കുന്നു. നിർണ്ണയിക്കപ്പെട്ട ഒരു സംഭാവനാടിസ്ഥാനത്തിൽ (defined contribution basis) ഈ പദ്ധതി പ്രവർത്തിക്കുന്നു.
- Tier I: അടിസ്ഥാനശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% ജീവനക്കാരൻ നിക്ഷേപിക്കണം. ഇതിന് തുല്യമായ തുക (matching contribution) ഗവൺമെന്റും നൽകും.
- Tier II: ജീവനക്കാരുടെ ഇച്ഛാനുസരണം (voluntary) നിക്ഷേപിക്കാവുന്ന തട്ടാണിത്.
പ്രധാനഭാഗങ്ങൾ ഒറ്റനോട്ടത്തിൽ
- ചട്ടം 1 (a): ഈ ചട്ടങ്ങൾ 1.4.2013 നോ അതിനുശേഷമോ നിയമിക്കപ്പെടുന്നവർക്കു ബാധകമല്ല.
- ചട്ടം 2 (a): ഭാവിയിലെ നല്ല പെരുമാറ്റം - പെൻഷൻ അനുവദിക്കുന്നതിനുള്ള ഒരു വ്യവസ്ഥ.
- ചട്ടം 4: പെൻഷൻ അനുവദിക്കാത്ത സന്ദർഭങ്ങൾ.
- ചട്ടം 8: സൈനിക സേവനം.

